Importance of Design & Drawings

ഗൃഹനിർമ്മാണത്തെ കുറിച്ച് ചിന്തിക്കുന്ന അവസരത്തിൽ ഇപ്പോഴും പലരും ഡിസൈനിംഗിന്റെ പ്രാധാന്യത്തെ വേണ്ടരീതിയിൽ പരിഗണിക്കുന്നില്ല എന്നതാണ്‌ യാദാർഥ്യം. അഥവാ പരിഗണിക്കുന്നു എങ്കിൽ അത് എലിവേഷനെ പറ്റിയായിരിക്കും അധികവും. ലിവിംഗ് റൂം, കിച്ചൺ, കിടപ്പുമുറി,ടോയ്‌ലറ്റുകൾ തുടങ്ങിയ തന്നെ അല്ലെ ഓരോ വീട്ടിലും പൊതുവായുള്ളത് അതെന്തിനു പിന്നെ ഡിസൈൻ ചെയ്യണം എന്ന് ചിന്തിക്കുന്നവരും നമുക്കിടയിൽ ഉണ്ട്. ഒരു മൊബൈൽ ഫോൺ /ലാപ്ടോപ് വാങ്ങിയാൽ അതിൽ പൊതുവായ സംഗതികൾ കൂടാതെ ഓരോ വ്യക്തിക്കും അവരുടെ താല്പര്യം ഉപയോഗം തുടങ്ങിയവയ്ക്കനുസരിച്ച് വ്യത്യസ്ഥമായ സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നില്ലെ?

അതു പോലെ ഓരോ വ്യക്തിയുടേയും കുടുമ്പത്തിന്റെയും കാഴ്ചപാടുകളൂം ആവശ്യങ്ങളും താല്പര്യങ്ങളും വിഭിന്നമായിരിക്കും. കൂടാതെ വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പ്രദേശം നിർമ്മാണ വസ്ഥുക്കൾ കാലാവസ്ഥ നിർമ്മാതാവിനെ സാമ്പത്തിക സാമൂഹിക അവസ്ഥകൾ ഒക്കെ വീടുകളുടെ രൂപകല്പനയിലും വ്യത്യാസങ്ങൾ ഉണ്ടാകും. ആത്യന്തികമായി മനുഷ്യർക്കെന്ന പോലെ വീടുകൾക്കും വ്യക്തിത്വം ഉണ്ട്.

സ്പേസിന്റെയും മെറ്റീരിയലിന്റേയും ശരിയായ അനുപാതത്തിനും വിനിയോഗത്തിനും ഡിസൈനിംഗിൽ വലിയ പ്രാധാന്യമുണ്ട്. ആവശ്യങ്ങളും ആഗ്രഹങ്ങളും പരിമിതികളും സാധ്യതകളും നല്ല പോലെ മനസ്സിലാക്കി ശ്രദ്ധിച്ച് ഡിസൈൻ ചെയ്താൽ ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ മികച്ച വീടുകൾ നിർമ്മിക്കുവാനാകും. നല്ല ഒരു തിരക്കഥ ഇല്ലാതെ എത്ര മിടുക്കനായ സംവിധായകനും നല്ല ചലച്ചിത്രം ഒരുക്കുവാൻ സാധിക്കില്ല എന്നതു പോലെ തന്നെയാണ്‌ ഡിസൈനും നിർമ്മാണവും തമ്മിലുള്ള ബന്ധം.

പ്ലാനെന്നാൽ ഇപ്പോഴും ഫ്ലോർ പ്ലാനുകളും ഒരു 3D എലിവേഷനിലും ഒതുങ്ങുന്ന ഒന്നാണ്‌ പലർക്കും. എന്നാൽ മികച്ച ആർക്കിടെക്ടുമാരും ഡിസൈനർമാരും വിശദമായ ഡ്രോയിംഗുകൾ ആണ്‌ തയ്യാറാക്കുക. വീടിന്റെ മാത്രമല്ല അതിന്റെ ലാന്റ്സ്കേപ്, ചുറ്റുമതിൽ ഗേറ്റ് തുടങ്ങി അനുബന്ധ ഘടകങ്ങളെയും ഇതിൽ ഉൾക്കൊള്ളിക്കുകയും വേണം.  ഇതുവഴി എസ്റ്റിമേഷനും ക്വാണ്ടിറ്റിയും തയ്യാറാക്കുന്നവർക്കും നിർമ്മാണ തൊഴിലാകികൾക്കും, ഇലക്ട്രിക്കൽ & പ്ലംബിംഗ് ജോലികൾ ചെയ്യുന്നവർക്കും,ആശാരിമാർക്കും വിവിധ അലങ്കാര പണികൾ ചെയ്യുന്നവർക്കും എല്ലാം ചെയ്യേണ്ട ജോലിയെ കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നു.

ലക്ഷങ്ങൾ ചിലവിട്ട് നിർമ്മിക്കുന്ന വീടുകൾ പലതും പൂർത്തിയാകുമ്പോൾ ഉടമ പ്രതീക്ഷിച്ച പോലെ ആകാത്തതിന്റെ ഒരു പ്രധാന കാരണം വിശദമായ ഡ്രോയിംഗുകളുടേയും കൃത്യമായ സാങ്കേതിക ഉപദേശത്തിന്റേയും അഭാവമാണ്‌. വ്യക്തമായ ധാരണയില്ലാത്തതിനാൽ പലപ്പോഴും നിർമ്മാണത്തിനിടയിൽ അനാവശ്യമായ പൊളീച്ചു പണികൾ നടത്തേണ്ടതായും വരുന്നു. ചരിഞ്ഞ മേല്ക്കൂരയുള്ള വീടുകൾ അനുപാതം കൃത്യമല്ലാത്തതിനാൽ അഭംഗിയുള്ളതാകുന്നു. ആ വീട്ടിൽ താമസിക്കുന്നിടത്തോളം അവരുടെ വാക്കിലോ മനസ്സിലോ ആ അസംതൃപ്തി ഉണ്ടാകുകയും ചെയ്യും.

വ്യക്തമായ ഡിസൈനും വിശദമായ ഡ്രോയിംഗിന്റേയും അനിവാര്യതയിലെക്കാണ്‌ ഇത് വിരൽ ചൂണ്ടുന്നത്. നല്ല ഒരു സൂപ്പർ വൈസർ/എഞ്ചിനീയറുടെ മേൽനോട്ടത്തിൽ നിർമ്മാണം നടത്തേണ്ടതിന്റെ പ്രാധാന്യം വർദ്ധിച്ചിരിക്കുന്നു. കേരളത്തിൽ നടക്കുന്ന ബഹുഭൂരിപക്ഷം നിർമ്മാണങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളാണ്‌ കൂടുതലായി ജോലി ചെയ്യുന്നത്. സാങ്കേതികവശങ്ങളെ പറ്റി വലിയ ധാരണയൊന്നും ഇവരിൽ പലർക്കുമില്ല. ചെറിയ ഒരു ലാഭത്തിനായി ആർക്കിടെക്ടിനെ/ഡിസൈനറെ/സൂപ്പർ വൈസറെ ഒഴിവാക്കുന്നതിലൂടെ സാമ്പത്തികമായും നിർമ്മാണ സാമഗ്രൈകളായും വൻ നഷ്ടവും ഒപ്പം അസംതൃപ്തിയും ഉണ്ടാകുന്നു. ഇതൊഴിവാക്കുവാൻ വേണ്ട കാര്യങ്ങൾ കൃത്യമായി തന്നെ ചെയ്യുക.