പാര്‍പ്പിട ദിനവും ആശങ്കകളും.

പാര്‍പ്പിടം നിഷേധിക്കപ്പെടുന്നവരും ഉള്ള പാര്‍പ്പിടങ്ങള്‍ വികസനങ്ങളുടെ പേരില്‍ നഷ്ടപ്പെടുന്നവരും ഒരു ഭാഗത്ത് മറുഭാഗത്ത് പാര്‍പ്പിടത്തിനായി പണം എത്രവേണമെങ്കിലും മുടക്കുവാന്‍ തയ്യാറാകുന്നവര്‍. ഈ അന്തരം അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതി വിഭവങ്ങള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കാടും കൃഷിയിടങ്ങളും പാര്‍പ്പിടങ്ങള്‍ക്കായി പിടിച്ചടക്കപ്പെടുന്നു. പുഴകളിലെ മണ്ണെടുത്ത് ഒരുവിധമായപ്പോള്‍ കരയില്‍ നിന്നും മണ്ണെടുക്കല്‍ തകൃതിയാക്കി. മറ്റൊന്ന് എം.സാന്റ് ആണ്. അതാ‍കട്ടെ കരിങ്കല്ല് പൊടിച്ചെടുക്കുന്നതും. വൈകാതെ അതും വൈകാതെ അവസാനിക്കും. സര്‍ക്കാറില്‍ നിന്നും സമഗ്രമായ ചിന്തകളോ നിയമങ്ങളോ ഒന്നും ഉണ്ടാകും എന്ന് കരുതുക വയ്യ. നിര്‍മ്മാണങ്ങള്‍ അതിവേഗം വികസിക്കുന്ന കേരളത്തില്‍ സമഗ്രമായ ഒരു കെട്ടിട നിര്‍മ്മാണ നയം പ്രയോഗത്തില്‍ വരുത്തുവാന്‍ സര്‍ക്കാറിനു സ്‍ാധിച്ചിട്ടുമില്ല. ഭൂമിയില്ലാത്ത്വരും വീടില്ലാത്തവരും ഉണ്ടാകരുതെന്ന് പറഞ്ഞ് ചില മാമാങ്കങ്ങള്‍ നടത്തി രാഷ്ടീയക്കാര്‍ കണ്ണില്‍ പൊടിയിടാറുണ്ട് എന്നത് സത്യ്ം.ഭയാനമമായ രീതിയിലാണ് വീട് നിര്‍മ്മാണത്തിന്റെ ചിലവ് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നത്. പുതിയ ആശയങ്ങള്‍ ഉയര്‍ന്നു വരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

ജി.ആര്‍.പി പോലെ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പുതിയ സംവിധാനങ്ങളെ പറ്റി ഇനിയും ആലോചിക്കുന്നില്ല എന്നത് അല്‍ഭുതപ്പെടുത്തുന്നു. പ്രായോഗികമായ പോരായ്മകളെ പറ്റി ഗൌരവമായി ചിന്തിച്ചിട്ടില്ലെങ്കിലും മനസ്സില്‍ തോന്നിയ ഒരു ആശയം പങ്കുവെക്കുന്നു. ഇത് മറ്റു പലരും ചിന്തിച്ചത് ആകാം.

തറ ഒരുക്കി അതില്‍ പി.സി.സി. ഫ്ലോറിങ്ങ് ചെയ്യുക. അതിനു മുകളില്‍ ജി.ആര്‍.പി പാനല്‍ ഇരുവശത്തും നടുവില്‍ ഫോമും വച്ച് ഫ്രെമുകളില്‍ ചുമരുകള്‍ ഫിക്സ് ചെയ്യുന്നു.റൂഫും ഇതേ മെറ്റീരിയല്‍ കൊണ്ട് ഫ്രേം വച്ച് ചെയ്യാം. വെള്ളം ടാങ്ക് നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന മെറ്റീരിയല്‍ ആയതിനാല്‍ മഴയുമായി ബന്ധപ്പെട്ട് ഉള്ള പേടിയും വേണ്ട. മണല്‍, കരിങ്കല്ല്, വെട്ടുകല്ല് തുടങ്ങിയവക്കായുള്ള അമിതമായ പ്രകൃതി ചൂഷണവും ഒഴിവാക്കാം.

പ്ലാന്‍ പ്രകാരം തയ്യാറാക്കുന്ന വീടിന്റെ വിവിധ ഭാഗങ്ങള്‍ (മൊഡ്യൂളുകള്‍ ആയി നിര്‍മ്മിച്ച് ) കൊണ്ടു വന്ന് ജോയിന്‍ ചെയ്യുകയാകും സൌകര്യപ്രദം.

വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്താല്‍ ചതുരശ്രയടിക്ക് 350-400 രൂപ ചിലവില്‍ തീര്‍ക്കാം എന്നാണ് ഈ രംഗത്തെ ഒരു വിദഗ്ദന്‍ പറയുന്നത്. ചൂട്, പ്രായോഗികത, ആസ്ബസ്റ്റോസ് പോലെ മനുഷ്യര്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുമോ തുടങ്ങി ഈ വിഷയത്തിലെ എന്റെ സംശയങ്ങള്‍ ഞാന്‍ ചില വിദഗ്ദര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. അവര്‍ നല്‍കുന്ന മറുപടി മുറപോലെ അറിയിക്കാം.

വീടില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ സഹാ‍യം നല്‍കുന്നത് 1 അല്ലെങ്കില്‍ 2 ലക്ഷവും മറ്റുമാണ്. ദിവസം 800 രൂപ കൂലി വാങ്ങുന്ന മേസന്മാര്‍ ഉള്ള നാട്ടില്‍ എങ്ങിനെ ഒരു സാധാരണക്കാരനു വീടു നിര്‍മ്മിക്കുവാന്‍ ആകും?എന്തായാലും ഇത് സാധ്യമാണെങ്കില്‍ സാധാരണക്കാര്‍ക്ക് ഒരു ഹാള്‍, 1 ബെഡ്രൂം/2ബെഡ്രൂം ബാത്രൂം, കിച്ചണ്‍ അടങ്ങുന്ന 500 ചതുരശ്രയടി വിസ്ത്രീര്‍ണ്ണമുള്ള വീടിന് ചിലവ് രണ്ട് അല്ലെങ്കില്‍ രണ്ടര ലക്ഷം രൂപയില്‍ ഒതുങ്ങും എന്ന് പ്രത്യാശിക്കുന്നു.