സമ്പത്തും വാസ്തുവും തമ്മിൽ ബന്ധമുണ്ടോ എന്ന് പലരും സംശയം ഉന്നയിക്കാറുണ്ട്. തീർച്ചയായും വാസ്തുവിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഏറേ പ്രധാനപ്പെട്ട ഒന്നാണ് സമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ആയം വ്യയം എന്നിവ വാസ്തുശാസ്ത്രത്തിൽ സമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങളെ സൂചിപ്പിക്കുന്നു. എത്ര വരവുണ്ടായാലും മിച്ചം വെക്കുവാൻ സാധിക്കുന്നില്ല എന്ന് പരാതി പറയുന്നവർ ഉണ്ട്. നിങ്ങൾ താമസിക്കുന്ന വീടിന്റെ/ഫ്ലാറ്റിന്റെ വാസ്തു കണക്കുകളും മറ്റും കൃത്യമാണോ ഒന്ന് പരിശോധിച്ചു നോക്കൂ. അപാകതകൾ ഉണ്ടെങ്കിൽ തീർച്ചയായും അത് പരിഹരിക്കുകയും വേണം.
ചുറ്റളവിൽ ആയം വ്യയത്തേക്കാൾ മുകളിൽ നില്ക്കണം. അതു പോലെ ഏറ്റവും വലിയ മുറി അടുക്കള ആകുകയും അരുത്. അടുക്കള ഏകാദശിക്കണക്കിൽ വന്നാൽ അവിടെ പട്ടിണി/ ദാരിദ്യം എന്നാണ് വിശ്വാസം.
വടക്കു ഭാഗമാണ് സമ്പത്തിന്റെ ദേവനായ കുബേരന്റെ ദിക്ക്. ആ ഭാഗം അടച്ചു മൂടപ്പെടുകയോ വൃത്തിഹീനമായി കിടക്കുകയോ അരുത്. അവിടെ മൂടപ്പെട്ട അവസ്ഥ ആനെങ്കിൽ വാതിലോ ജനലുകളോ നല്കണം. വീടിന്റെ തെക്ക് വശത്ത് കുളം/കിണർ/കുഴി എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കുക. അഥവാ കുളം ഉണ്ടെങ്കിൽ അത് പ്രത്യേകം മതിലോ വേലിയോ കെട്ടി തിരിക്കുക. വടക്ക് കിഴക്ക് മൂലയിൽ സാധ്യമെങ്കിൽ ഗോവണി നൽകാതിരിക്കുക. വീടിന്റെ തെക്ക് പടിഞ്ഞാറു മൂല ഉയർന്നു നിൽക്കുവാൻ ശ്രദ്ധിക്കുക.
വടക്ക് ദർശനമായി കണ്ണാടി വെക്കുന്നത് ഉത്തമമാണ്. ദീർഘചതുരാകൃതിയിലോ ചതുരാകൃതിയിലോ ഉള്ള കണ്ണാടികൾ ആയിരിക്കണം സ്ഥാപിക്കേണ്ടത്. പൊട്ടിയ കണ്ണാടി വീട്ടിൽ സൂക്ഷിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. മുറിയുടെ പിന്നിൽ ഇടത്തെ അറ്റത്തെ മൂലയിൽ ഒരുകാരണവശാലും ഉപയോഗ ശൂന്യമായ സാധനങ്ങൾ സൂക്ഷിച്ച് പൊടിപിടിച്ച് കിടക്കുവാൻ ഉള്ള അവസരം ഉണ്ടാക്കരുത്.
പണം അതെത്ര ചെറിയ തുകയായാലും ഒരുകാരണവശാലും വലിച്ചു വാരിയിടുന്ന പ്രവണത നല്ലതല്ല. അലമാരയും പണപ്പെട്ടിയുമെല്ലാം മുറിയുടെ തെക്ക് ഭാഗത്ത് വെക്കുന്നതാണ് ഉത്തമം. അലമാരയുടെ വാതിൽ വടക്ക് ദിശയിലേക്ക് തുറക്കും വിധമായിരിക്കണം വരേണ്ടത്. വടക്ക് പടിഞ്ഞാറു ദിശയിൽ പണപ്പെട്ടി സൂക്ഷിച്ചാൽ അനിയന്ത്രിതമായ ചിലവും തെക്ക് കിഴക്ക് ദിശയിൽ അനാവശ്യ ചിലവുകളും കിഴക്ക് ദിശയിൽ ദുർചിലവും വറ്റക്ക് പണം പടിയിറങ്ങും എന്നുമാണ് വിശ്വാസം. തെക്ക്, തെക്ക് പടിഞ്ഞാർ, പടിഞ്ഞാറ് എന്നീ ദിശകളാണ് പണപ്പെട്ടി സൂക്ഷിക്കുവാൻ ഉത്തമം.
വീട്ടിൽ അക്വേറിയം സ്ഥാപിക്കുന്നതും ഉചിതമാണ്. വടക്ക് കിഴക്ക് ദിശയിൽ ഇത് വരാതെ ശ്രദ്ധിക്കുക. മണിപ്ലാന്റ് വളർത്തുന്നതും വീട്ടിൽ പോസിറ്റീവ് എനർജിയും സമ്പത്തും വർദ്ധിപ്പിക്കും എന്ന് വിശ്വസിക്കുന്നു. വടക്കു കിഴക്ക് ദിശയിൽ ഇവ ചട്ടിയിലോ കുപ്പിയിൽ വെള്ളം നിറച്ചോ വളർത്താം. വീടിന്റെ വാതിലിലോ തെക്കേ ചുമരിലോ ക്ലോക്ക് സ്ഥാപിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.
നെഗറ്റീവ് ഊർജ്ജം പ്രസരിപ്പിക്കുന്ന ടെലിവിഷൻ പരിപാടികൾ ഒഴിവാക്കുക. ഇപ്പോഴും മനസ്സിന് ഊർജ്ജവും സമാധാനവും സന്തോഷവും പകരുന്ന പരിപാടികൾ വെക്കുവാൻ ശ്രമിക്കുക. സാധ്യമെങ്കിൽ സന്ധ്യ സമയത്ത് ടെലിവിഷൻ ഓഫ് ചെയ്തു വെക്കുക.