ഒറ്റനില വീട്
വീട് നിർമ്മിക്കുവാൻ ഒരുങ്ങുമ്പോൾ പലപ്പോഴും ഉയരുന്ന ഒരു ചോദ്യമാണ് വീട് ഒറ്റനിലവേണമോ അതോ ഇരു നിലവേണമോ എന്നത്. പ്രൗഡിയോടെ തലയെടുത്തു നില്ക്കുന്ന ഇരു നില വീടുകളോടാണ് പൊതുവെ ആളുകൾക്ക് പ്രിയം. എന്നാൽ ഒറ്റ നില വീടുകളോടും ആളുകൾക്ക് ആഭിമുഖ്യം വർദ്ധിച്ചുവരുന്നു എന്നതാണ് സമീപകാലത്തെ ചില അനുഭവങ്ങൾ. ഇതിനൊരു കാരണമായി പറയുന്നത് കുടുമ്പാംങ്ങൾ തമ്മിലുള്ള അകലം വർദ്ധിക്കുന്നത് ഒഴിവാക്കുവാൻ ആണെന്നാണ്. ധാരാളം അംഗങ്ങൾ ഉള്ള വീടുകളിൽ സ്വകാര്യതയില്ലായ്മയാണ് പലർക്കും മുകൾ നിലയോട് ആഭിമുഖ്യം വർദ്ധിപ്പിച്ചിരുന്ന ഒരു ഘടകം. എന്നാൽ ഇന്നിപ്പോൾ മാതാപിതാക്കളും രണ്ടോ മൂന്നോ മക്കളും മാത്രമടങ്ങുന്ന കുടുമ്പങ്ങൾ ആണ് അധികവും. ഈ സാഹചര്യത്തിൽ ഇരുനിലകളിലായി അകന്നുകഴിയുന്നതിന്റെ ദോഷങ്ങൾ പലരും തിരിച്ചറിയുന്നു. മുകൾ നിലയിലേക്ക് കയറിയെത്തുവാൻ ഉള്ള പ്രായോഗിക വിഷമം പ്രത്യേകിച്ച് പ്രായമാകുമ്പോൾ കൂടെ കണക്കിലെടുക്കുന്നതും ഒറ്റനില വീടെന്ന ആശയത്തോട് ആളുകളെ തല്പരരാക്കുന്നു.വലിയ ഒരു ശതമാനം വീടുകളിലേയും മുകൾ നിലകൾ ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്.
രണ്ടും മൂന്നും നിലകൾ ഉള്ള വലിയ തറവാടുകൾ ഉണ്ടായിരുന്നു എങ്കിലും പൊതുവിൽ ഒറ്റനിലവീടുകൾ നമ്മുടെ നാട്ടിൽ ധാരാളമായി ഉണ്ടായിരുന്നത്. തൊണ്ണൂറുകളുടെ അവസാനത്തോടെ ആണ് വ്യാപകമായി ഇരുനിലവീടുകളിലേക്ക് മലയാളിയുടെ ഭവന സങ്കല്പങ്ങൾ വളർന്നത്. ഉടമസ്ഥർ ആഗ്രഹിക്കും വിധത്തിലുള്ള പ്രത്യേകതകളോടെ ഒറ്റനിലയിൽ തന്നെ മനോഹരവും പ്രൗഡിയുള്ളതുമായ വീടുകൾ രൂപകല്പന ചെയ്യാമെന്ന് പല നല്ല ആർക്കിടെക്ടുകളൂം ഡിസൈനർമാരും കാണിച്ചു തന്നു കൊണ്ടിരിക്കുന്നു.
പൊതുവില് മൂന്നോനാലോ കിടപ്പുമുറികൾ ഉള്ള വീടുകളാണ് ആളുകൾ താൽപര്യപ്പെടുന്നത്. ഒറ്റനിലയിൽ മൂന്നോ നാലോ കിടപ്പുമുറികൾ ഒരുക്കുക എന്നതിനു പ്രധാന വെല്ലുവിളി സ്വകാര്യത നിലനിർത്തുക എന്നതും ഒപ്പം സ്ഥലത്തിന്റെ അധിക വിനിയോഗവുമാണ്. സ്ഥല ലഭ്യത പ്രശ്നമല്ലെങ്കിൽ ഒറ്റനിലയിൽ തന്നെ വീട്ടുകാരുടെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ച് മുറികൾ സ്വകാര്യത നിലനിർത്തി ക്രമീകരിക്കുവാനാകും.
മറ്റൊരു പ്രസ്നം വീടിന്റെ മേല്ക്കൂര മുഴുവൻ ഒറ്റ ലെവലിൽ കോൺക്രീറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്നതാണ്. മുകൾ നില ഇല്ലാത്തതിനാൽ മൊത്തം റൂഫിന്റെ സർഫസ് ഏരിയയിൽ സൂര്യപ്രകാശം നേരിട്ട് പതിക്കുകയും കോൺക്രീറ്റിൽ നിന്നും ചൂട് എല്ലായിടത്തേക്കും ഒരുപോലെ പ്രസരിക്കുകയും ചെയ്യുന്നു. ഇതിനൊരു പോംവഴി ഒന്നോ രണ്ടോ മുറികളുടെ റൂഫ് വിവിധ ലെവലുകളിലായി കോൺക്രീറ്റ് ചെയ്യുക എന്നതാണ്. ചിലയിടങ്ങളിൽ ചരിഞ്ഞ മേല്ക്കൂര നല്കുകയുമാകാം.
വീട് നിർമ്മിക്കുന്ന ഭൂമിയുടെ പ്രത്യേകതകൾ, മരങ്ങൾ കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന മറ്റു ചുറ്റുപാടുകൾ, വായുവിന്റെ ഗതി തുടങ്ങിയവ പരിഗണിച്ച് ഉചിതമായ സ്ഥാനത്ത് കോർട്യാഡും ജാലകങ്ങളും നല്കുന്നതിലൂടെ വീടിനകത്തെ വായുവിന്റേയും വെളിച്ചത്തിന്റെയും സുഗമമായ കടന്നുവരവ് ഉറപ്പാക്കാം.