പൂജാമുറിയുടെ സ്ഥാനം
ഈശ്വര പ്രാർത്ഥനയും മെഡിറ്റേഷനും എല്ലാം ജീവിതത്തിന്റെ ഭാഗമാണ്. പ്രാര്‍ത്ഥനക്കും മെഡിറ്റേഷനും അതിന്റേതായ ഗുണങ്ങളും ഉണ്ട് . വളരെയധികം ഊർജ്ജദായകവും ആത്മവിശ്വാസം പകരുന്നതുമായതിനാൽ വീടുകൾ നിർമ്മിക്കുമ്പോൾ പൂജാമുറി ഒരുക്കുന്നത് ഇന്നിപ്പോൾ സാധാരണമാണ് . പ്രാര്‍ത്ഥനക്കും മെഡിറ്റേഷനും അതിന്റേതായ ഗുണങ്ങളും ഉണ്ടുതാനും. ഇതോടൊപ്പം യോഗപോലുള്ള ശരീരത്തിനും മനസ്സിനും ഗുണംചെയ്യുന്ന ചര്യകള്‍ കൂടെപതിവാക്കിയാല്‍ മാനസീകവും ശാരീരികവുമായ ഒത്തിരി അസ്വസ്ഥതകളെ അകറ്റാം.
പഴയ തറവാടുകളില്‍ കെടാവിളക്ക് സൂക്ഷിക്കുന്ന പൂജാമുറികളും മറ്റും ഉണ്ടായിരുന്നു. ഒന്നുകില്‍ വീടിനകത്തോ അല്ലെങ്കില്‍ വീടിനോടുചേര്‍ന്നോ കുലദേവതകളെ കുടിയിരുത്തുന്ന പതിവുണ്ടായിരുന്നു.അതുപോലെ തന്നെ നാഗങ്ങളെ പ്രതിഷ്ടിച്ച കാവുകളും അതിനോടു ചെര്‍ന്നുള്ള കുളങ്ങളും. കാവുകള്‍ യദാര്‍ത്ഥത്തില്‍ ഓരോ പ്രദേശത്തിന്റേയും ശ്വാസകോശങ്ങളായിരുന്നു.വൈവിധ്യമാര്‍ന്ന ജൈവസമ്പത്തിന്റെ ഒരു ശേഖരമായിരുന്നു ഓരോ കാവുകളും.ഒരുപക്ഷെ അവ നശിച്ചുപോകാതെ നിലനിര്‍ത്തുവാന്‍ വേണ്ടിയാകാം കാവില്‍ നാഗത്താന്മാരുണ്ടെന്നും അവരെ ശല്യപ്പെടുത്തിയാല്‍ ശാപം കിട്ടുമെന്നും അല്ലെങ്കില്‍ അവിടെയുള്ള മരത്തില്‍ യക്ഷിയുണ്ടെന്നും മറ്റും കഥകള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്നുകാവുകള്‍ വെട്ടിവെളുപ്പിച്ച് കെട്ടിട നിര്‍മ്മാണം നടത്തുന്നു.വെട്ടുകല്ലും കുമ്മയവും കൊണ്ട് പണിത് ഓടുമേഞ്ഞ ക്ഷേത്രങ്ങള്‍ പുനരുദ്ധാരണത്തിന്റെ പേരില്‍ പൊളിച്ചടുക്കുന്നു. ഇവയെല്ലാം ഒരു സംസ്കൃതിയുടെ ഭാഗമാണെന്ന് നാം മറന്നുപോകുന്നു. അവയെ അതുപോലെ സംരക്ഷിക്കുവാന്‍ നാം എന്തുകൊണ്ട് മിനക്കെടുന്നില്ല?
ഇന്നും മിക്കവീടുകളോടു ചേര്‍ന്ന് ഒരു പൂജാ മുറി നല്‍കുന്ന പതിവുണ്ട്. വളരെ ചെറിയ ഒരു മുറി ആയിരിക്കും അത് സ്വാഭാവികമായും അതില്‍ യോഗക്കുള്ള സ്ഥലം കണ്ടെത്തുക പ്രയാസം. (പൂജയോടൊപ്പം യോഗയും ഒരു മുറിയില്‍ ചെയ്യുക എന്നത് പലര്‍ക്കും ഇഷ്ടപ്പെടാന്‍ വഴിയില്ല.) ഹൈന്ദവ വിശ്വാസങ്ങള്‍ പിന്തുടരുന്നവരെ സംബന്ധിച്ചേടത്തോളം ദൈവങ്ങളുടെ ബിംബങ്ങളോ ചിത്രങ്ങളോ വെച്ച് അതിനു മുമ്പില്‍ രാവിലേയും വൈകീട്ടും വിളക്കുവെക്കുന്നതുമാണ് രീതി.പൂജ ചെയ്യുവാനുള്ള മുറി വാസ്തു പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത് കിഴക്കു ഭാഗത്തോ പടിഞ്ഞാറുഭാഗത്തോ ആണ് കിഴക്കിന്റെ മധ്യഭാഗത്തായാല്‍ കൂടുതല്‍ നന്ന്.തെക്കും വടക്കും തെക്കുകിഴക്കും വടക്കുപടിഞ്ഞാറും ഒഴിവാക്കണം. ഇതിന്റെ വാതിലുകള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തുറക്കുന്നരീതിയില്‍ ആയിരിക്കണം (വാതിലുകളില്‍ നടുഭാഗത്തായി അഴികള്‍ പിടിപ്പിച്ചാല്‍ കൂടുതല്‍ മനോഹരമായിരിക്കുകയും അതിനകത്തു കത്തിക്കുന്ന സുഗന്ധദ്രവങ്ങളുടെ ഗന്ധം വീടിനകത്ത് നിറയുകയും ചെയ്യും). മാത്രമല്ല അതിനകത്തുവെക്കുന്ന രൂപങ്ങള്‍ പടിഞ്ഞാട്ടോ കിഴക്കോട്ടോ ദര്‍ശനമാകുന്ന വിധത്തില്‍ ആയിരിക്കുകയും വേണം.
പടിഞ്ഞാറും വടക്കുമാണ് പൂജാമുറി വരുന്നതെങ്കിൽ ആരാധനാമൂർത്തികൾ കിഴക്ക് ദര്ശനമായിരിക്കുകയും പ്രാർത്ഥഹിക്കുന്ന ആൾ പടിഞ്ഞാറോട്ട് തിരിഞ്ഞു നിൽക്കും വിധത്തിലും ആകണം സജ്ജീകരിക്കേണ്ടത്.
പൂജാമുറിക്ക് കൃത്യമായ വെന്റിലേഷന്‍ നല്‍കുകയും ദീപങ്ങളില്‍ നിന്നും വീടിനകത്ത് തീപടരാതിരിക്കുവാന്‍ ശ്രദ്ധിക്കുകയും വേണം. വീടുകളില്‍ സൗമ്യമൂര്‍ത്തികളുടെ രൂപങ്ങള്‍ വെച്ച് ആരാധിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.രൗദ്രമൂർത്തികളുടെ രൂപങ്ങളും ചിത്രങ്ങളും വീടുകളിൽ വച്ച ആരാധിക്കുന്നത് നല്ലതല്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.ഗണപതി വിഗ്രങ്ങളും വീട്ടിൽ വച്ച പൂജിക്കരുതെന്ന് പറയപ്പെടുന്നു. പൊട്ടിയ വിഗ്രഹങ്ങൾ, കേടുവന്ന ചിത്രങ്ങൾ ഒഴിവാക്കണം.
കിഴക്ക് അഭിമുഖമായി നിന്ന് പ്രാർത്ഥഹിക്കുന്ന വിധത്തിൽ ആകണം പൂജാമുറി ക്രമീകരിക്കേണ്ടത്. ഇതിനു പറ്റിയില്ലെങ്കിൽ വടക്കു ദർശനമായി നിന്ന് പ്രാർത്ഥിക്കുന്ന വിധത്തിലും ആകാം. വാതിൽ രണ്ട് പാളികൾ ഉള്ളതായിരിക്കുകയും നിർബന്ധമായും കട്ടിള ഉണ്ടാകുകയും വേണം. പൂജാമുറിയുടെ നിലം മറ്റു മുറികളെക്കാൾ അല്പം ഉയർന്നിരുന്നത് നന്ന്. കഴുകുമ്പോൾ വെള്ളം പുറത്തേക്ക് പോകുവാൻ ഉള്ള സൗകര്യം ഉണ്ടാകണം.
മരിച്ചുപോയവരുടെ ചിത്രങ്ങള്‍ പൂജാമുറിയിലോ ദൈവങ്ങളുടെ രൂപങ്ങളോടുകൂടിയോ വെക്കുകയോ പൂജിക്കുകയോ അരുത്.സ്ത്രീകള്‍ രജസ്വലയായിരിക്കുന്നസമയത്തും പ്രസവം മരണം തുടങ്ങിയവയുമായി അനുബന്ധിച്ചുണ്ടാകുന്ന പുലയിലും വാലായ്മയിലും പൂജാമുറിയില്‍ കയറുവാന്‍ പാടില്ല.മത്സ്യമാംസാദികള്‍ പൂജാമുറിയില്‍ നിന്നും അകറ്റിനിര്‍ത്തുക. കുളിക്കാതെയും മദ്യപിച്ചും പൂജചെയ്യുവാന്‍ പാടില്ല. പൂജകളും ഹോമങ്ങളും നടത്തുന്ന ഗൃഹങ്ങളിൽ അതാത് ഉപാസനാമൂർത്തികൾക്ക് നിഷ്‌കർഷിച്ചിട്ടുള്ള ചിട്ടകൾ അവിടെ വസിക്കുന്നവർ
കിടപ്പുമുറിക്കുള്ളിലോ,ടോയ്‌ലറ്റുകളോടുചേര്‍ന്നോ,കോണിക്കടിയിലോ പൂജാമുറിപാടില്ല.(ഇതില്‍ കോണിക്കടിയില്‍ പൂജാമുറി ആകാം എന്നാണ് വാസ്തുപണ്ഡിതനായ ശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ വാസ്തുലക്ഷണം എന്ന ഗ്രന്ധത്തില്‍ കാണുന്നത്)