ഇന്ന് കേരളത്തിലെ മിക്കവീടുകളും ഒരു “ഷെൽറ്ററിനു” കീഴിലാണ്.അതെ മഴപെയ്താൽ ചോരാതിരിക്കാൻ ഇന്ന് മിക്ക ടെറസ്സുവീടുകൾക്ക് മുകളിലും ഒരു ടിൻ-അലുമിനിയം അല്ലെങ്കിൽ മറ്റു ഷീറ്റുകൾ ട്രെസ്സിൽ ഉറപ്പിച്ച് നിർത്തിയിരിക്കുന്ന കാഴ്ച നമുക്ക് കാണാനാകും.ലക്ഷങ്ങൾ ചിലവാക്കി പണിയുന്ന വീടിനു സംരക്ഷണം നൽകുവാൻ വീണ്ടും ആയിരങ്ങളും ലക്ഷങ്ങളും ചിലവിടേണ്ട അവസ്ഥയാണിന്ന്. എന്നാൽ അൽപം ശ്രദ്ധവെച്ചാൽ നമുക്ക് ഇത് ഒരു പരിധിവരെ ഒഴിവാക്കാവുന്നതേയുള്ളൂ. മഴക്കാലം മനുഷ്യർക്കെന്നപോലെ കെട്ടിടങ്ങൾക്കും “അസുഖം” വരുന്ന കാലമാണ്.പ്രധാനമായും ചോർച്ചയാണ് വില്ലൻ കൂടാതെ മഴവെള്ളം ഒലിച്ചിറങ്ങി ചുവരുകൾ കേടുവരുന്നു, ചിതൽ ശല്യം ഉണ്ടാകുന്നു,പൂപ്പൽ കെട്ടി അതിൽ നിന്നും പുഴുക്കൾ വരുന്നു എന്നിങ്ങനെ നിരവധി “രോഗങ്ങൾ”. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇതിനുള്ള പ്രതിവിധികൾ ആരംഭിക്കണം എന്നതാണ് വാസ്തവം.വീടിന്റെ ആയുസ്സു നീട്ടിക്കിട്ടുവാൻ കൃത്യമായി മെയ്ന്റനൻസ് നടത്തി സൂക്ഷിക്കുക എന്നതാണ് പ്രധാനം.
മഴ ആരംഭിക്കുന്നതിനു മുമ്പുതന്നെ ഡ്രൈൻ പൈപ്പുകൾ വൃത്തിയാക്കുക.അതിൽ അടിഞ്ഞിരിക്കുന്ന കരടുകളും ഇലകളും മറ്റും കളഞ്ഞ് വെള്ളം ഒഴുകിപ്പോകുവാൻ ഉള്ള സൗകര്യം ഉണ്ടാക്കുക. ടെരസ്സിൽ നിന്നും വെള്ളം പെട്ടെന്നൊഴികിപ്പോകുവാൻ വേണ്ടി ആവശ്യത്തിനു പൈപ്പുകൾ സ്ഥാപിച്ചി ട്ടില്ലെങ്കിൽ അവ സ്ഥാപിക്കുക. പ്രത്യേകിച്ചും സൺഷേഡുകളിൽ. മറ്റൊന്ന് ഭിത്തിയിലും മറ്റും ഉള്ള വിള്ളലുകളിൽ വെള്ളം ഒലിച്ചിറങ്ങാതിരിക്കുവാൻ സിമന്റിട്ട് അടക്കുക.ടെറസ്സിൽ ചെടിച്ചട്ടിയിലും മണൽ നിറച്ച ചാക്കുകളിലും കൃഷിചെയ്യുന്നവർ ഉണ്ട്.ഇങ്ങനെ ചെയ്യുന്നവർ വെള്ളം കെട്ടിനിൽക്കാതെ കൃത്യമായി ഒഴുകിപ്പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.ചട്ടികൾ ഇഷ്ടികകളിലോ മറ്റോ ടെറസ്സിൽ നിന്നും അൽപം പൊക്കി സ്ഥാപിക്കുന്നത് നന്നായിരിക്കും.
ഓടുവീടുകൾ ആണെങ്കിൽ ഓടിനിടയിലെ വിടവുകൾ നികത്തുകയും മരഉരുപ്പടികളിൽ കശുവണ്ടിപ്പശയോ,കരിയോയിലോ (വണ്ടിയുടെ എഞ്ചിനിൽ നിന്നും ഒഴിവാക്കുന്ന) ഡീസലോ പുരട്ടുക.ചിതൽ ശല്യം ഒഴിവാക്കുവാൻ ഇതു നല്ലതാണ്. ടെറസ്സ് ചോരുന്നത് ഇന്ന് ഒരു സാധാരണ സംഭവം ആയിരിക്കുന്നു.സിമന്റിന്റേയും മറ്റു നിർമ്മാണ വസ്തുക്കളുടേയും ക്വാളിറ്റിയിൽ ഉണ്ടായ മാറ്റവും കോൺക്രീറ്റു ചെയ്യുമ്പോൾ ശരിയായ രീതിയിൽ കോമ്പാക്ഷൻ നടക്കാത്തതും സിമന്റ് കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുന്നതിലെ അപാകതയും എല്ലാം ചേരുമ്പോൾ വീടു ചോരുന്നതിനുള്ള സാധ്യത വർദ്ധിക്കുന്നു. കോൺക്രീറ്റ് ഒരിക്കൽ ഉറച്ചുകഴിഞ്ഞാൽ മറ്റൊരു കൂട്ട് കോൺക്രീറ്റുമായി ഒരിക്കലും ചേരില്ല.താൽക്കാലികമായി അങ്ങിനെ തോന്നിയാലും അത് പിന്നീട് വീണ്ടും വിള്ളൽ ഉണ്ടാക്കും.. എന്നാൽ നാട്ടിൽ ഇപ്പോൾ ധരാളം വാട്ടർ പ്രോൂഫിങ്ങ് സംവിധാനങ്ങൾ ലഭ്യമാണ്. അനുയോജ്യമായത് ഒരു വിധഗ്ദനായ എഞ്ചിനീയറുടേയോ അല്ലെങ്കിൽ ഈ രംഗത്തുപ്രവർത്തിക്കുന്ന മറ്റുള്ള വിദഗ്ദരുടേയോ ഉപദേശത്തിലും മേൽനോട്ടത്തിലും ചെയ്യുന്നത് നന്നായിരിക്കും.പലപ്പോഴും പണിക്കാരുടെ ഉപദേശത്തിനു പുറകെ പോകുന്നത് നഷ്ടം വരുത്തിവെക്കാൻ സാധ്യതയുണ്ട്.
മഴയുടെ ഇടവേളകളിൽ വെയിൽ സമയത്ത് ടോയ്ലറ്റുകളിലെ വെന്റിലേറ്ററുകൾ തുറന്നിടുക. ടോയലറ്റുകളിൽ പൂപ്പൽ ഉണ്ടാകുവാനും അതിൽ നിന്നും പലതരത്തിൽ ഉള്ള അസുഖങ്ങൾ ഉണ്ടാകുവാനും ഉള്ള സാധ്യത ധാരാളമാണ്.കൂടാതെ ടോയ്ലറ്റുകളിൽ നിന്നും ഉള്ള മലിന ജലം കുടിവെള്ള ശ്രോതസ്സുകളിൽ കലരാതിരിക്കുവാൻ ശ്രദ്ധിക്കണം. മുറികളിലെ ജനലുകൾ ഈപ്പം മൂലം വീത്ത് തുറക്കുവാൻ ബുദ്ധിമുട്ടായിരിക്കും എങ്കിലും വെയിൽ കാണുന്ന സമയത്ത് അവയെ തുറന്നിടുക.മുറികളിൽ ശുദ്ധവായുകടക്കുന്നതിനും ഫംഗസ്സ്,ചിതൽ ശല്യം ഉണ്ടാകാതിരിക്കുന്നതിനും ഇത് നല്ലതാണ്. സ്റ്റോർ മുറിയിൽ ഉള്ള അനാവശ്യമായ വസ്തുകക്കൾ അപ്പപ്പോൾ നീക്കം ചെയുക.ഇല്ലാത്തപക്ഷം അത് മറ്റുള്ള ബക്ഷണ സാധനങ്ങളിലേക്കും ഫംഗസ്സ് ബാധ പകരുന്നതിനു ഇടയാക്കും.
ഇലക്ട്രിക്ക് ഫിറ്റിങ്ങുകളിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങുന്നുണ്ടെങ്കിൽ അത് തടയുകയോ അല്ലാത്തപക്ഷം അവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയോ ചെയ്യുക.രാത്രിയകാലങ്ങളിൽ ഇടിമിന്നൽ ഉണ്ടെങ്കിൽ ടിവിയുടേയും ടെലിഫോണിന്റേയും കേബിൾ കണക്ഷൻ വിടുത്തിയിടുന്നതും നല്ലതാണ്.
kerala villas needed to be protected from the rain. here is some tips about it. its very essential even our monsoon is lesser than last years.