വേദകാലഘട്ടത്തിൽ തുടങ്ങുന്നതാണ് ഭാരതത്തിലെ തനത് നിർമ്മാണ വാസ്തുവിദ്യ. മഹാഭാരതത്തിലും മറ്റും വാസ്തുശാസ്ത്രത്തെ കുറിച്ച് ധാരാളം പരാമർശങ്ങൾ ഉണ്ട്. അഥർവ്വ വേദത്തിൽ ഉൾപ്പെടെ വിവിധ നിർമ്മാണ രീതികളെ സംബന്ധിച്ചും അളവുകളെ കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നു. പ്രാചീന വാസ്തുവിദ്യാ രീതിയിലെ പല ഘടകങ്ങളും വിശ്വാസങ്ങളും നൂറ്റാണ്ടുകൾക്കിപ്പുറം അനേക സംസ്കാരങ്ങളുടെയും സാങ്കേതിക വിദ്യകളുടേയും ഇടപെടലുകൾക്കും ശേഷം ഈ ആധുനിക കാലത്തും പിന്തുടരുന്നുണ്ട്. സാങ്കേതിക വിദ്യയിലുണ്ടായ മാറ്റങ്ങളും നവീന ആശയങ്ങളും ഉപയോഗിക്കുമ്പോഴും ഗൃഹനിർമ്മാണ മേഖലയിൽ പ്രത്യേകിച്ച് വാസ്തുവിദ്യയുടെ കണക്കുകളാണ് ഭൂരിഭാഗം ആളുകളും സ്വീകരിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ച് പലപ്പോഴും വാസ്തു അളവുകളും എഞ്ചിനീയറിംഗ് അളവുകളും തമ്മിൽ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. അളവുകളെ കണക്കാക്കുവാൻ ആർക്കിടെക്ടുമാരും എഞ്ചിനീയർ മാരും സെന്റീമീറ്റർ, മീറ്റർ അതല്ലെങ്കിൽ ഇഞ്ച്, ഫീറ്റ് എന്നീ യൂണിറ്റുകളാണ് പിന്തുടരുന്നത്. വാസ്തുവിൽ ഇതിനു സമാനമായി അംഗുലം, കോൽ, ദണ്ഡ് തുടങ്ങിയവയാണ് ഉപയോഗിക്കുന്നത്.
വാസ്തുവിദ്യ സംബന്ധിച്ച് മാനസാരം, മയമതം, സമരാങ്കണ സൂത്രം , ശില്പരത്നം, വിശ്വകർമ്മപ്രകാശം തുടങ്ങി
അനവധി പൗരാണിക ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും സാധാരണക്കാർക്ക് മനസ്സിലാകും വിധം അടിസ്ഥാന ഗ്രൻഹ്ഹ
സംസ്കൃതത്തിൽ നിന്നും സത്ത തിരുമംഗലത്ത് നീലകണ്ഠൻ രചിച്ച മനുഷ്യാലയ ചന്ദ്രികയാണ് കേരളത്തിൽ
പ്രധാനമായും അടിസ്ഥാനഗ്രന്ഥമായി ഉപയോഗിക്കുന്നത്.
ആദ്യം വാസ്തുവിൽ എപ്രകാരമാണ് അളവുകളെ പറ്റി പറയുന്നതെന്ന് നോക്കാം.
ഏറ്റവും ചെറുത് പരമാണുവാണ്. എട്ടു പരമാണു ഒരു ത്രസരേണുവെന്നും എട്ടു ത്രസരേണുവിനെ ഒരു രോമാഗ്രം
എന്നും പറയുന്നു. എട്ടു രോമാഗ്രം ഒരു ലീക്ഷയും എട്ടു ലീക്ഷ ഒരു യൂകം എന്നും എട്ടു യൂകം ഒരു യവം എന്നും
കണക്കാക്കുന്നു. ഒരു യവം എന്നത് ഒരു ധാന്യത്തിന്റെ നീളമാണ്.
എട്ടു യവങ്ങൾ ചേർന്നതാണ് ഒരു അംഗുലം അഥവാ വിരൽ. ഇപ്രകാരം 12 അംഗുലം ചേർന്നാൽ ഒരു വസ്തിയും രണ്ടു
വസ്തി അഥവാ 24 അംഗുലം ചേർന്നാൽ 1 കോൽ . നാലു കോൽ ഒരു ദണ്ഡും 2000 ദണ്ഡ് ഒരു കാതം എന്നും
കണക്കാക്കുന്നു.
1 അംഗുലം എന്നാൽ 3 സെന്റീമീറ്റർ
4 അംഗുലം 12 സെന്റീമീറ്റർ
8 അംഗുലം 24 സെന്റീമീറ്റർ
1 കോൽ 72 സെന്റീമീറ്റർ
വാസ്തു വിദ്യയിൽ കെട്ടിടത്തിന്റെ അല്ലെങ്കിൽ മുറിയുടെ ഏരിയ സംബന്ധിച്ച് ഇത്ര കോൽ ഇത്ര വിരൽ ചുറ്റളവ് എന്ന്
ആണ് പറയുക. എഞ്ചിനീയറിംഗിൽ ഇതിനെ സ്ക്വയർമീറ്റർ / സ്ക്വയർഫീറ്റ് എന്നും പറയുന്നു.
വാസ്തുവിദ്യയിൽ ഉള്ള ചുറ്റളവിനെ എങ്ങിനെ സെന്റീമീറ്ററിൽ കണക്കാമെന്നതിന് ഒരു ഉദാഹരണം നോക്കാം
ഒരു കിടപ്പുമുറിയുടെ ചുറ്റളവ് 20 കോൽ 8 വിരൽ (20-8) എന്നാണെന്ന് കരുതുക. ഇത് നാലുവശവും ചേർന്ന
അളവാണ്. അപ്പോൾ നീളവും വീതിയുമായി കണക്കാക്കണമെങ്കിൽ രണ്ടു വശങ്ങൾ എടുത്താൽ മതിയാകും 20
കോൽ 8 അംഗുലത്തെ നമ്മൾ നീളവും വീതിയുമാക്കുമ്പോൾ 20/2 = 10 കോൽ എന്നും 8 അംഗുലത്തെ 8/2 = 4
അംഗുലം എന്നും ലഭിക്കും. ചിത്രം നോക്കുക
ഇനി ഈ 10 കോൽ 4 അംഗുലം എന്നതിനെ സെന്റീമീറ്ററിലേക്ക് മാറ്റാം
(1 കോല്‍ 72 സെന്റീ മീറ്റര്‍
1 അംഗുലം 3 സെന്റീമീറ്റര്‍)
10 x 72 = 720 സെന്റീമീറ്റർ
4 x 3 = 12 സെന്റീമീറ്റർ
720+12 = 732 സെന്റീമീറ്റർ
ഇനി വാസ്തുവിദ്യയുടെ യൂണിറ്റിൽ നിന്നും സെന്റീമീറ്ററിലേക്ക് മാറ്റി നീളവും വീതിയും കണക്കാക്കുന്നതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം സെന്റീമീറ്ററിൽ കണക്കാക്കുന്ന അളവിനെ( നീളത്തെ അല്ലെങ്കിൽ വീതിയെ) മൂന്നുകൊണ്ട് ഹരിച്ചാൽ ഒറ്റ സംഖ്യ വരരുത്. അതായത് 732 സെന്റീമീറ്റർ എന്ന അളവിനെ ഒരു മുറിയുടെ നീളവും വീതിയുമായി
കണക്കാക്കുമ്പോൾ 402 നീളവും 330 വീതിയും ലഭിക്കുന്നു. ( അതിനെ 402/3= 134 ലഭിക്കും എന്നാൽ ഇതിനു പകരം 399 സെന്റീമീറ്റർ എന്നാണ് എടുക്കുന്നതെങ്കിൽ 133 ആണ് ലഭിക്കുക ഇത് സ്വീകാര്യമല്ല. )
ഇപ്രകാരം മുറികൾക്ക് അനുയോജ്യമായ രീതിയിൽ വ്യത്യസ്ഥമായ അളവുകൾ ഈ 732 സെന്റീമീറ്ററിൽ നിന്നും
കണക്കാക്കാം. ഉദാ: 390 x 342, 378 x 354 തുടങ്ങിയവ ധാരാളമായി ഉപയോഗിക്കുന്ന അളവുകളാണ്.
അളവുകളിലും നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരത്തിലും തൊഴിലാളികളുടെ അനുഭവ പരിഞ്ജാനത്തിലും വാസ്തുവിദ്യ വലിയ കണിശത പാലിക്കുന്നുണ്ട്. അതിൽ ഒരു ഘടകം സാങ്കേതിക വിദ്യ ഇത്രയും പുരോഗതി പ്രാപിക്കാത്ത പഴയകാലത്ത് നിർമ്മാണ വസ്തുക്കൾ ഒരുക്കുന്നതിലും മറ്റും ഉള്ള സൗകര്യത്തിനായിരുന്നു, ഒപ്പം നിർമ്മിതിയുടെ കാഴ്ചയ്ക്കും , ഉറപ്പിനും, ഉപയോഗത്തിനും ഇത് ഗുണകരവുമാണ്. കാലാതിവർത്തിയായി ഇന്നും നിലനിൽക്കുന്ന പല നിർമ്മിതികളുടേയും പിന്നിൽ ഈ കണിശതയുടെ ഗുണം കൂടെ ഉണ്ട്.