Villas in Small Plots

വീടു നിർമ്മാണത്തിനായി ഭൂമിയുടെ ആവശ്യം വർദ്ധിക്കുകയും ലഭ്യത കുറയുകയും ചെയ്യുന്ന സാഹച അനുദിനം വർദ്ധിച്ചു വരുന്നു. അതിനാൽ തന്നെ ലഭ്യമായ ഭൂമിയെ ക്രിയാത്മകമായി ഉപയോഗിക്കുക എന്നതേ വഴിയുള്ളൂ.ചെറിയതോ ആകൃതിയില്ലാത്തതോ ആയ പ്ലോട്ടുകൾ പലരും വിട്ടുകളയുന്ന പതിവുണ്ട്. എന്നാൽ മികച്ച രീതിയിൽ പ്ലാൻ ചെയ്താൽ അത്തരം സ്ഥലങ്ങളിൽ നല്ല വീടുകൾ നിർമ്മിക്കുവാൻ പറ്റും.

ചെറിയ പ്ളോട്ടിൽ വീടു വെക്കുവാൻ തയ്യാറാകുമ്പോൾ അദ്യം തന്നെ മനസ്സിൽ ഉറപ്പുവരുത്തേണ്ടത് തങ്ങൾ പരിമിതികൾക്കുള്ളീൽ നിന്നും അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ്‌ ഈ വീട് നിർമ്മിക്കുവാൻ പോകുന്നതെന്ന ബോധ്യമാണ്‌. അതല്ലെങ്കിൽ പിന്നീട് പല പരാതികൾക്കും ഇടവരുത്തും.

ചെറിയ പ്ലോട്ടുകളിൽ വീട് വെക്കുമ്പോൾ പരമാവധി ഓപ്പൺപ്ലാനിംഗിനു തയ്യാറാകുക. ഉള്ള സ്ഥലത്തെല്ലാം ചുമർ കെട്ടി ചെറിയ മുറികളായി തിരിക്കുന്നത് ഒട്ടും അഭികാമ്യമാകില്ല. പുതിയ സാങ്കേതികവിദ്യകളും മെറ്റീരിയലുകളും അകത്തളങ്ങളിലെ ചുവരുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന കനം കുറഞ്ഞ നിരവധി പ്രോഡക്ടുകൾ പ്രദാനം ചെയ്യുന്നുണ്ട്.

വീടുകൾ കാണുക

കേരളത്തിൽ ഇന്ന് മൂന്ന് സെന്റിലോ അതിൽ താഴെയോ ഉള്ള പ്ലോട്ടുകളിൽ നിർമ്മിച്ച വൈവിധ്യമാർന്ന അനേകം വീടുകൾ ഉണ്ട്. ചെറിയ പ്ളോട്ടിൽ വീടുവെക്കും മുമ്പെ ഇത്തരം വീടുകൾ സന്ദർശിക്കുന്നതും വീട്ടുകാരുമായി സംസാരിച്ച് വിവരങ്ങൾ അറിയുന്നതും വളരെയധികം പ്രയോജനം ചെയ്യും

ഡിസൈനറോ വാസ്തുവിദഗ്ദനോ?

ഒരു ആർക്കിടെക്ടിനെ / ഡിസൈനറെ സംബന്ധിച്ച് ചെറിയ പ്ലോട്ടുകളിൽ വീടു ഡിസൈൻ ചെയ്യുന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്.ഉടമസ്ഥന്റെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ലഭ്യമായ സ്ഥലത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗിച്ചു കൊണ്ടും ഭംഗിയോടെയും സുഗമമയ ഉപയോഗത്തിനു പ്രാധാന്യം നല്കിക്കൊണ്ടും വേണം ഡിസൈൻ തയ്യാറാക്കുവാൻ. പലപ്പോഴും ഉടമസ്ഥർക്ക് പരിമിതികളെ പറ്റി വേണ്ടത്ര അവബോധം ഉണ്ടാകണമെന്നില്ല. ഇക്കാര്യം വിശദമായി പറഞ്ഞ് മനസ്സിലാക്കേണ്ട ഉത്തരവദിത്വവും ആർക്കിടെക്ടിന്റെ ചുമതലയാണ്.

വീട് നിർമ്മിക്കുവാൻ ഒരുങ്ങുന പലരും ആദ്യം ഒരു വാസ്തു വിദഗ്ദനെ കൊണ്ടാകും പ്ലാൻ തയ്യാറാക്കുക. എന്നിട്ട് മറ്റാരെകൊണ്ടെങ്കിലും എലിവേഷൻ വരപ്പിക്കുകയും ചെയ്യും. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടേറ്റവും മികച്ച പ്ലാൻ എങ്ങിനെ തയ്യാറാക്കാം എന്നതിനാണ് പ്രധാനം നല്കേണ്ടത്. അതിനാൽ നല്ല ഒരു ആർക്കിടെക്ടിനെ അല്ലെങ്കിൽ ഡിസൈനറെ സമീപിക്കുന്നതാകും എന്തു കൊണ്ടും നല്ലത്. ഡിസൈൻ തയ്യാറാക്കി കഴിഞ്ഞാൽ വാസ്തു വിദഗ്നനേയും ആർക്കിടെക്ട്/ഡിസൈനറേയും തമ്മിൽ കോർഡിനേറ്റ് ചെയ്യാവുന്നതാണ്. സ്പേസ് പ്ലാനിംഗിനെ പറ്റി ശാസ്ത്രെയമായി പഠിച്ചവരാണ് ആർക്കിടെക്ടുകൾ അതിനാൽ തന്നെ അവരുടെ ഉപദേശം തേടുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

ആകൃതിയും പ്രകൃതിയും

വിചിത്രമായ ആകൃതിയിൽ ഉള്ളതോ തട്ടുകളായിട്ടുള്ളതോ ആയ ഭൂമിയെ സംബന്ധിച്ച് ആദ്യം വിശദമായ പഠനം നടത്തണം. കൃത്യമായ അളവുകളും ലെവലുകളും എടുക്കണം. അതിനു ശേഷം മാത്രമേ ഡിസൈനിംഗിലേക്ക് കടക്കാവൂ. വ്യത്യസ്ഥമായ പ്രത്യേകതകളെ / പരിമിതികളെ സാധ്യതകളാക്കി പരിണമിപ്പിക്കുവാൻ ആണ് ശ്രമിക്കേണ്ടത്.

ഉദാഹരണമായി ഏങ്കോണിച്ച് കിടക്കുന്ന ഭാഗങ്ങൾ ഉണ്ടെങ്കിൽ അതിനെ വീടിന്റ് ഉള്ളിൽ കോർട്യാഡായി മാറ്റിയെടുക്കാം. ഇത് വഴി അകത്തെ വായു സഞ്ചാരവും താപനിലയിലെ ക്രമീകരണവും ഉറപ്പ് വരുത്താനാകും. മാത്രമല്ല കോർട്യാഡുകൾ കൂടുതൽ സ്പേസ് ഫീൽ ചെയ്യുകയുമാകും.

പല തട്ടുകൾ ഉള്ള ഭൂമിയാണെങ്കിൽ അതിനെ ഇടിച്ചു നിരത്താതെ സ്വാഭാവികമായ നിലയിൽ വ്യത്യസ്ഥ ലെവലുകളിലായി ന്വീട് ഡിസൈൻ ചെയ്യാവുന്നതാണ്. സാധ്യത അനുസരിച്ച് സിറ്റൗട്ട്, ലിവിംഗ് തുടങ്ങിയവ ഒരു ലെവലിലും ഡൈനിംഗ് കിച്ചൺ തുടങ്ങിയവ മറ്റൊരു ലെവലിലുമായി നലാം.

കെട്ടിട നിർമ്മാണ നിയമങ്ങൾ (KMBR-KERALA MUNCIPAL BUILDING RULE)

മൂന്നോ അതിൽ താഴെയോ ഉള്ള പ്ലോട്ടുകളിൽ വീടു നിർമ്മിക്കുന്നതിന് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ പല ഇളവുകളും നല്കുന്നുണ്ട്. ദേശീയ-സംസ്ഥാനപാതകൾ, ജില്ലാ റോഡുകൾ/ മുൻ സിപാലിറ്റി നോട്ടിഫൈ ചെയ്യാത്ത റോഡുകൾ എന്നിവയോട് ചേർന്ന് അല്ലാതെ, ഏതെങ്കിലും വിധത്തിലുള്ള വികസനപ്രവർത്തനങ്ങൾക്ക് നോട്ടിഫൈ ചെയ്യാത്ത ഭൂമിയിൽ കെട്ടിടം നിർമ്മിക്കുമ്പോൾ മുൻ ഭാഗത്ത് 2 മീറ്റർ അകലം പാലിച്ചാൽ മതി. പുറക് വശത്ത് 1 മീറ്റർ. ഒരു വശം 90 സെന്റീമീറ്ററും മരുവശത്ത് ഓപ്പണിംഗ്സ് ഒന്നും ഇല്ലെങ്കിൽ 60 സെന്റീമീറ്ററും വിട്ട് നിർമ്മാണം നടത്താം. തൊട്ടടുത്ത പ്ലോട്ടിന്റെ ഉടമസ്ഥന്റെ രേഖാമൂലം ഉള്ള അനുവാദം ഉണ്ട്എങ്കിൽ ആ വശത്തേക്ക് ഓപ്പണിംഗുകൾ ഒന്നും ഇല്ലാതെ അതിർത്തിയോട് ചേർത്തു നിർമ്മാണം നടത്തുവാനും സാധിക്കും.

അസൂത്രണം പ്രധാനം

വീട് ചെറുതായാലും വലുതായാലും നിർമ്മാണത്തിന്റെ കാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും വ്യക്തമായ ആസൂത്രണം അനിവാര്യമാണ്. നിർമ്മാണ സാമഗ്രികൾ വാങ്ങിക്കൽ, നിർമ്മാണത്തിന്റെ ഏതു ഏതു ഘട്ടങ്ങൾ എത്ര സമയം കോണ്ട് എത്ര ജോലിക്കാരെ കൊണ്ട് തീർക്കാം എന്നതും കലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ഒക്കെ ഇതിൽ പെടും. മഴക്കാലത്തിനു മുമ്പെ മേല്ക്കൂരയുടെ കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാക്കിയാൽ പ്ലാസ്റ്ററിംഗ്, ഫ്ലോറിംഗ് തുടങ്ങിയ കാര്യങ്ങൾ മഴയുണ്ടെങ്കിലും അനായാസം ചെയ്യുവാൻ സാധിക്കും. അന്തരീക്ഷത്തിൽ ഈർപ്പ്ം ഉണ്ടായാൽ അത് സിമെന്റിന്റെ സെറ്റിംഗിനും പ്രയോജനം ചെയ്യും.

പലപ്പോഴും വീടിന്റെ നിർമ്മാണം പൂർത്തിയാകുന്ന ഘട്ടത്തിലാണ് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുക. ഇത് നേരത്തെ കൂട്ടിക്കണ്ട് വേണ്ടത് ചെയ്താൽ ഫിനിഷിംഗിൽ നിർമ്മാണ വസ്തുക്കളുടെ ക്വാളിറ്റിയിലെ അഡ്ജസ്റ്റുമെന്റുകൾ ഒഴിവാക്കാം. അതുമാത്രമല്ല സമയബന്ധിതമായി പൂർത്തിയാക്കിയാൽ സാമ്പത്തികമായും മെച്ചങ്ങൾ ഏറെയാണ്.

നിർമ്മാണത്തിലെ വെല്ലുവിളികൾ

ഡിസൈൻ പൂർത്തിയാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും നിർമ്മാണാനുമതി നേടിക്കഴിഞ്ഞാൽ അടുത്ത പ്രധാന കടമ്പ എന്ന് പറയുന്നത് നിർമ്മാണമാണ്. ചെറിയ സ്ഥലമായതിനാൽ സാധനങ്ങൾ സൂക്ഷിക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൽ നടത്തുന്നതിനും ധാരാളം പരിമിതികൾ ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രധാനമായും ചെയ്യുന്ന ഒരു കാര്യം ഭാഗികമായി നിർമ്മാണം നടത്തുക എന്നതാണ്. സാഹചര്യത്തിനനുസരിച്ച് പല ഇട ചുമരുകളുടേയും നിർമ്മാണം ഒഴിവാക്കി നിർത്തും. ഇത് മൂലം നിർമ്മാണ വസ്തുക്കൾ ശേഖരിക്കുന്നതിനും മറ്റും സൗകര്യം ലഭിക്കുന്നു.

വീടിന്റെ ഭംഗിയോ അതിനായിൽ ചിലവിട്ട തുകയോ വലിപ്പമോ ചെറുപ്പമോ അല്ല ആത്യന്തികമായ സന്തോഷം എങ്ങിനെ ആ വീട്ടിൽ ജീവിക്കുന്നു എന്നതിലാണ്. വീട് നിർമ്മിക്കുന്നതിൽ ആയാലും മറ്റ് എന്തിലായാലും പരിമിതികളെ കുറിച്ച് ആവലാതിപ്പെടുന്നവർക്കല്ല സാധ്യതകളെ കുറിച്ച് ചിന്തിക്കുന്നവർക്കാണ്, അത് പ്രയോജനപ്പെടുത്തുന്നവർക്കാണ് ജീവിതത്തിൽ സന്തോഷം ഉണ്ടാകൂ.