keeping joint family in different way

തലയെടുപ്പോടെ നില്ക്കുന്ന വലിയ തറവാടുകളുടേയും കൂട്ടുകുടുമ്പങ്ങളുടേയും ധാരാളിത്തം കോണ്ട് ശ്രദ്ധേയമായ ഇടമായിരുന്നു കേരളം. ഒരു വീട്ടിൽ ഒരുപാട് കുടുമ്പങ്ങൾ ഒരുമിച്ച് കഴിഞ്ഞിരുന്ന നാട്ട് ഇന്ന് ഓരോ കുടുമ്പത്തിനും ഒരു വീട് എന്ന രീതിയിലേക്ക് മാറി. പുതിയ കാലത്ത് കൂട്ടു കുടുമ്പം എന്ന സങ്കല്പത്തിനോട് ആഭിമുഖ്യം തീരെ കുറഞ്ഞു. അനുകൂലിക്കുന്നവർക്ക് നിരവധി കാരണങ്ങൾ ഉണ്ട് ഇതിനെ ന്യായീകരിക്കുവാൻ. അതേ സമയം പുനരാലോചനയുടെ സൂചനകളും ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്‌. ഒരു കെട്ടിടത്തിൽ തന്നെ സഹോദരങ്ങൾ വ്യത്യസ്ഥ നിലകളിലായി താമസിക്കുന്നത് ഇതിന്റെ സൂചനയായി കാണാം.

 

ഒരു കാലത്ത്‌ വിശാലമായ ഭൂമിയുണ്ടായിരുന്ന നമുക്ക്‌ ഇന്ന് അതൊരു സ്വപനമായി മാറിയിരിക്കുന്നു. ഒരു വീടുവെക്കുവാന്‍ ഭൂമിക്കായി ഇന്ന് കേരളത്തില്‍ ലക്ഷങ്ങള്‍ മുടക്കേണ്ട സ്ഥിതിയില്‍ എത്തിയിരിക്കുന്നു. ഇനി അധവാ ലക്ഷങ്ങള്‍ മുടക്കാന്‍ തയ്യാറായാല്‍ തന്നെ നല്ല ഒരു സ്ഥലം ലഭിക്കുവാനും ബുദ്ധിമുട്ടായിരിക്കുന്നു.വളരെപെട്ടെന്ന് നമ്മുടെ ഭൂമിയുടെ വില കുതിച്ചുയരുകയും അതോടൊപ്പം തന്നെ ലഭ്യമായ ഭൂമിയുടെ സിംഹഭാഗവും ഇന്ന് റിയല്‍ എസ്റ്റേറ്റ്‌ മാഫിയായുടെ കൈകളില്‍ എത്തപ്പെട്ടിരിക്കുന്നു.ഇത്തരക്കാര്‍ നിശ്ചയിക്കുന്ന വില പലപ്പോഴും സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമാണ്‌.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വീടെന്ന സ്വപനത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്‌ കടന്നുവന്ന റിയല്‍ എസ്റ്റേറ്റ്‌ മാഫിയാക്കാരെ നിയന്ത്രിക്കുവാന്‍ തല്‍ക്കാലം നിര്‍വാഹമില്ലാത്ത അവസ്ഥയിലാണിന്ന് കേരളീയ സമൂഹം.റിയല്‍ എസ്റ്റേറ്റ്‌ മാഫിയാകള്‍ കയ്യടക്കുന്ന ഭൂമിയില്‍ വന്‍ തോതില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും അങ്ങിനെ കെട്ടിയുയര്‍ത്തുന്ന സൗധങ്ങള്‍ക്ക്‌ ലക്ഷങ്ങളും കടന്ന് വില കുതിച്ചുകൊണ്ടിരിക്കുന്നു.

ഇനി പരിസ്ഥിതിയുടെ കാര്യമെടുക്കുകയാണെകിലോ കെട്ടിടനിര്‍മ്മാണത്തിനായി ഇന്നു കേരളത്തില്‍ വ്യാപകമായി മലകളും കുന്നുകളും ഇടിച്ചുനിരത്തുന്നു കൃഷിയിടങ്ങള്‍ നികത്തുന്നു. അസംസ്കൃതവസ്തുക്കളായ മണലും കരിങ്കല്ലും ഇഷ്ടികയും ഇന്ന് വന്‍ തോതില്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്നു.ഉള്ളവയാകട്ടെ പലപ്പോഴും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു.മണലിന്റെ ക്ഷാമം ഇന്ന് മണല്‍ മാഫിയാ എന്നൊരു വിഭാഗത്തിന്റെ ആവിര്‍ഭാവത്തിനു കാരണമാകുകയും ചെയ്തു.വ്യാപകമായ മണലെടുപ്പിന്റെ ഫലമായി നദികള്‍ വറ്റി വരളുവാനും അതിന്റെ ചുറ്റുപാടുകള്‍ ഊഷരമാകുവാനും തുടങ്ങി.

ഇതുകൊണ്ടും തീരുന്നില്ല പ്രശ്നങ്ങള്‍ കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങളുടെ ആയുസ്സിനു ചില പരിധികള്‍ ഉണ്ട്‌.പത്തിരുപതു വര്‍ഷത്തിനു ശേഷം ഈ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവരുമ്പോള്‍ ഇവ എവിടെ കൊണ്ടുപോയി ഉപേക്ഷിക്കും എന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു.നശിക്കാതെ കിടക്കുന്ന കോണ്‍ക്രീറ്റ്‌ അവശിഷ്ടങ്ങള്‍ ഭാവിയില്‍ കടുത്ത പാരിസ്തിതിക പ്രശ്നങ്ങള്‍ ആണ്‌ കേരളീയര്‍ക്ക്‌ സമ്മാനിക്കുക. ഇന്നു പൊളിച്ചുനീക്കുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള ഓടും കല്ലും മരവും കൊണ്ടുണ്ടാക്കിയ കുമ്മായം പൂശിയ കെട്ടിടങ്ങള്‍ പാരിസ്തിതിക പ്രശ്നങ്ങളുണ്ടാക്കുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌.

മലയാളികള്‍ ഇന്നു നേരിടുന്ന മറ്റൊരു പ്രശ്നം ഒറ്റപ്പെടലിന്റെയാണ്‌.ഒരേസമയം സ്വന്തം വീട്ടില്‍ തന്നെ കുട്ടികളും മാതാപിതാക്കളും ഒറ്റപ്പെടുന്ന വിചിത്രമായ അവസ്ഥ.ന്യൂക്ലിയര്‍ കുടുമ്പത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം താരതമ്യേന കുറവാണ്‌. അതോടൊപ്പം ഇന്റർനെറ്റിലെ സാമൂഹിക മാധ്യമങ്ങളുടെ അമിതമായ സ്വാധീനവും കുറുമ്പാങ്കങ്ങൾക്കിടയിൽ അകലം വർദ്ധിപ്പിച്ചു .

ആധുനിക ജീവിതം നല്‍കുന്ന ടെന്‍ഷനുകള്‍ മാതാപിതാക്കള്‍ക്കും വിദ്യാഭ്യാസത്തിന്റെയും മറ്റും അധികഭാരവും മുന്നേറാനുള്ള മല്‍സരത്വരയും കുട്ടികളിലും കടുത്ത മാനസീക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്‌.ഇതിനിടയില്‍ ഉണ്ടാകുന്ന “കമ്യൂണിക്കേഷന്‍ ഗ്യാപ്‌” ഇത്‌ കുട്ടികളില്‍ കടുത്ത മാനസീക പ്രശനങ്ങള്‍ക്കും വ്യക്തിത്വവികസനത്തില്‍ അപാകതക്കും ഇടവരുത്തുന്നു.പല കുടുമ്പങ്ങളുടേയും തകര്‍ച്ചക്കു തന്നെ കാരണം സ്വന്തം വീട്ടിലെ ഒറ്റപ്പെടലാണ്‌ നാലുചുവരുകള്‍ക്കുള്ളില്‍ ഒരുമിച്ചുതാമസിക്കുന്നവര്‍ തമ്മില്‍ പലപ്പോഴും മാനസീകമായി ഒരുപാടു ദൂരെയാണ്‌.

ഇത്രയധികം പ്രശ്നങ്ങള്‍ക്ക്‌ കാരണം നമ്മുടെ കൂട്ടുകുടുമ്പ വ്യവസ്ഥതകര്‍ന്നതില്‍ കാര്യമായ ഒരു പങ്കില്ലെ? എന്തുകൊണ്ട്‌ നമുക്ക്‌ ഒരു പുനര്‍ചിന്തനം ആയിക്കൂടാ? ഇനി അധവാ ഒരു വീട്ടില്‍ തന്നെ താമസിക്കുവാന്‍ കഴിയില്ല എങ്കില്‍ ഒരു വീടിനെ തന്നെ താഴത്തെ നിലയില്‍ ഒരു കുടുമ്പവും മേളിലെ നിലയില്‍ മറ്റൊരു കുടുമ്പത്തിനും താമസിക്കാവുന്ന രീതിയില്‍ വീടുകള്‍ നിര്‍മ്മിച്ചുകൂടാ? അല്ലെങ്കില്‍ ഒരു കോമ്മണ്‍ ചുമരിന്റെ അപ്പുറത്തും ഇപ്പുറത്തുമായി വേര്‍തിരിചുകൂടാ. തീര്‍ച്ചയായും രണ്ടുവീടുകള്‍ വെക്കുന്നതിനേക്കാള്‍ ഉചിതം ഇത്തരത്തില്‍ രണ്ടുനിലക്കലിലായി വീടുകള്‍ ഒരുക്കുന്നതായിരിക്കും തന്നെയുമല്ല ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടേയും അനാവശ്യമായ ഉപയോഗം ചുരുക്കുകയും ചെയ്യാം.സാമ്പത്തികലാഭം എടുത്തുപറയേണ്ട കാര്യമില്ലല്ലോ?
ഇനി അഥവാ ബന്ധുക്കളുടെ കൂടെ താമസിക്കുന്നില്ലെങ്കിലും ഇത്തരത്തില്‍ വീടുനിര്‍മ്മിക്കുമ്പോള്‍ മേളിലെ നില വാടകക്ക്‌ കൊടുക്കുവാനുള്ള സാധ്യതയും ഉണ്ട്‌.പ്രത്യേകിച്ച്‌ ലോണെടുത്ത്‌ വീടുപണിയുന്നവര്‍ക്ക്‌ ഇത്‌ ഒരു വരുമാനം കൂടെയാകും.

ലക്ഷങ്ങള്‍ ചിലവാക്കി ഫ്ലാറ്റില്‍ പോയി ഇടുങ്ങിയ ഇടത്ത്‌

ഒത്തിരിനിയന്ത്രണങ്ങള്‍ക്കിടയില്‍ ഒരു പരിചയവും ഇല്ലാത്തവരുമായി ജീവിക്കുന്നതിലും നല്ലതല്ലെ സ്വന്തം സ്ഥലത്ത്‌ തന്നെ എന്നാല്‍ ഒരു പരിധിയിലധികം “സ്വകാര്യതക്ക്‌” വീഴ്ചവരാതെ സ്വന്തക്കാരോടൊപ്പം പരസ്പരം താങ്ങായി താമസിക്കുന്നത്‌. അവരോടൊപ്പം താമസിക്കുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷിതത്വബോധത്തിലേക്ക്‌ നമുക്ക്‌ തിരികെ പോയ്ക്കൂടെ.ഇതിനു ഒരല്‍പം വിട്ടുവീഴ്കാ മനോഭാവം വേണമെന്നുമാത്രം.”സ്വകാര്യത” എന്ന വാക്കിനു ഇന്ന് എന്റെ ഭ്യാര്യയും കുഞ്ഞുങ്ങളും എന്നും “വ്യതിസ്വാതന്ത്രം” എന്നതിനു മറ്റാര്‍ക്കും തന്റെ കാര്യങ്ങളില്‍ ഇടപെടാന്‍ പാടില്ല എന്നും മലയാളി നല്‍കിയ നിര്‍വചനമല്ലെ നമ്മുടെ ഇന്നത്തെ അവസ്ഥക്ക്‌ കാരണം.സാമൂഹിക പ്രതിബദ്ധതയും നമ്മില്‍ നിന്നും എങ്ങോ പോയിമറഞ്ഞു. ഒരു പരിധിക്കപ്പുറം മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഒളിഞ്ഞുനോക്കാതെ പൊങ്ങച്ചത്തിന്റെ കാപട്യത്തിന്റെ മുഖം മൂടി മാറ്റി വിട്ടുവീഴ്ചകള്‍ക്ക്‌ തയ്യാറായാല്‍ നമുക്ക്‌ ഒത്തിരി നേട്ടങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുക.

പഴയ തറവാടുകളെ ആധുനിയക സൗകര്യങ്ങൾ ഉൾപ്പെടുത്തി പുതുക്കിക്കൊണ്ട് ഒന്നിലധികം കുടുമ്പങ്ങൾക്ക് താമസിക്കാവുന്ന വിധത്തിൽ രൂപപ്പെടുത്തുവാൻ സാധിക്കും. ഇതിലൂടെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുനത് ഒഴിവാക്കുകയും ഒപ്പം പാരമ്പരാഗത വാസ്തുമാതൃകകളെ സംരക്ഷിക്കുവാനും സാധിക്കും.
കേവലം സാമ്പത്തികമായ ലാഭം മാത്രമല്ല കുടുമ്പബന്ധങ്ങളിലെ അതു നല്കുന്ന സുരക്ഷിതത്വത്തിന്റെയും സ്നേഹത്തിന്റെയും തണൽ തലമുറകൾക്ക് ലഭിക്കുകയും ചെയ്യും.